2012, നവംബർ 12, തിങ്കളാഴ്‌ച



ഒലിവിലക്കനവ്‌

ഇസ്മയില്‍ മേലടി 

(കവിത)

ഒലിവിന്‍റെ കമ്പില്‍ നി-
ന്നോര്‍മ്മയുടെ മടയില്‍ നി-
ന്നുറവയായ് രുധിരമൊഴുകുന്നു
പോരിന്‍റെ പുഴയായി നിറയുന്നു

താരുണ്യ ദീപ്തമായ്
നേരിന്‍റെ  തോറ്റമായ്
നോവിന്‍റെയൂറ്റമായ്
കൂഫിയ ചുവക്കുന്നു

മണ്ണിതിന്‍ കതിരായി
ജന്മാന്തരങ്ങള്‍ തന്‍
നിലവിളികളുയരുന്നു
ഭൂമി തന്‍ നിറമോ കറുക്കുന്നു

മരണ മണവാട്ടികള്‍
നാടിന്‍റെ ചൂട്ടുകള്‍
അകതാരിലെരിയുന്നു
ആശകള്‍ കുരവയിട്ടുയരുന്നു

തേരിന്‍റെ തേറ്റകള്‍
തളിരിളം കരള്‍കളില്‍
കുത്തി നോവിക്കുന്നു
മോഹത്തിന്‍ കൂമ്പൊടിക്കുന്നു  

ഹൃദയത്തിന്‍ നദിയിലൂ-
ടായിരം പന്തങ്ങള്‍
ചീറിപ്പറക്കുന്നു 
ജീവന്‍റെയെല്ലു തകരുന്നു

വറ്റാത്ത നാവായി
തളരാത്ത കൈകളായ്
പതറാത്ത കണ്ഠമായ്
നേരു പടരുന്നു


ആഴികള്‍ക്കപ്പുറം  
മനസ്സുകള്‍ക്കൊപ്പവും
അഗ്നിയാളുന്നു
മോതിരചില്ലുകളുടയുന്നു 

ഗഗനതീരങ്ങളില്‍
ഒലിവിലപ്പച്ചയായ് 
നൊമ്പരക്കനവായി
കനിവിന്‍റെ മേഘമുരുകുന്നു

മണ്ണിന്‍റെ  മാറിലെ
മുറിവായി നീറുന്ന
മതിലുകളടരുന്നു 
പൈതലിന്‍ പാദമുറയ്ക്കുന്നു

തീക്കുണ്ഠമായൊരീ 
യമ്മ തന്‍ ഹൃത്തിലേ-
ക്കിനിയുമെറിയാതെ
ആധി തന്‍ കനല്‍പ്പെരുക്കങ്ങള്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ