കീറിയെടുക്കപ്പെട്ട ആകാശം
ഇസ്മയില്‍ മേലടി
(കവിത)
എന്‍റെ ആകാശം
നിങ്ങള്‍ കീറിയെടുത്തു
സ്വപ്നങ്ങളുടെ ആകാശത്തില്‍
ഒരു പാട് ഭൂപടങ്ങളുണ്ടായിരുന്നു
അവയില്‍ നിങ്ങള്‍
നിങ്ങളുടേതായ ചായങ്ങള്‍
ചൊരിയുകയുംമാറ്റുകയും ചെയ്തു
പലേടത്തും ഏറെ ചുവപ്പ് ചൊരിഞ്ഞു
പച്ച മാറ്റി കറുപ്പാക്കി
നീലയില്‍ മറ്റേതോ ചായം കലര്‍ത്തി
എന്‍റെ സ്വപ്നങ്ങളുടെ ആകാശം
ഇപ്പോഴും കീറിപ്പറിഞ്ഞു കിടക്കുന്നു
പല ഭാഗത്തുനിന്നുമായി
നിങ്ങള്‍ വീശിയടിപ്പിച്ച കാറ്റില്‍
സ്വപ്‌നങ്ങള്‍ ഓരോ തുണ്ടായ്
പറന്നു പോകുന്നു
നിങ്ങള്‍ തെര്‍മോക്കോളില്‍
പുതിയ ആകാശം തീര്‍ത്തു തരുന്നു
വിഭ്രമിപ്പിക്കുന്ന ചായക്കൂട്ടുകള്‍ കൊണ്ട്
കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍
പുതിയ സ്വപ്നങ്ങളുടെ
മായികലോകം തീര്‍ക്കുന്നു
അധികം കഴിയും മുന്‍പേ
നരച്ചു പോകുന്ന
നിങ്ങളുടെ തെര്‍മോക്കോള്‍ ആകാശം
എന്‍റെ ആകാശത്തിന്
പകരം നില്‍ക്കുമോ
എന്‍റെ ആകാശത്തില്‍
മേഘങ്ങള്‍ നിതാന്ത സഞ്ചാരത്തിലാണ്
എന്നും മേഘനൂലുകളെനിക്ക്
പുതിയ സ്വപ്‌നങ്ങള്‍ നെയ്തുതന്നു
സൂര്യവെളിച്ചം പുതിയ ചായങ്ങള്‍ പൂശി
തെര്‍മോക്കോളിനു പകരം
നിങ്ങളെന്തിലാണെനിക്കിനി
പുതിയൊരാകാശം തീര്‍ക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ