2012, നവംബർ 17, ശനിയാഴ്‌ച

ഇടവേള 

 ഇസ്മയില്‍ മേലടി 

(കവിത)

ശൂന്യമാ മാങ്കോസ്റ്റൈന്‍ 
മരച്ചോട്ടിലിന്നും 
തണല്‍ വിരിച്ചു നില്പൂ 
സുല്‍ത്താന്‍ 

മലയാള മനസ്സിലിന്നും 
കുരുവായ് പൊട്ടുന്നു 
പ്രണയമായ് നിറയുന്നു 
സുഹറയും മജീദും 

മുറ്റത്തെ സ്റ്റൂളിലെ 
സ്വനഗ്രാഹിയില്‍ നിന്നും 
സൈഗാള്‍, സ്നേഹത്തിന്‍ 
ഗസലായ് ഒഴുകുന്നു 

അണ്ഡകടാഹങ്ങളിലിന്നും  
സുല്‍ത്താന്‍റെ  വായ്ത്താരി 
ദൈവത്തിന്‍ ഖജനാവിലെ 
അനന്തമാം സമയമായ് മിടിയ്ക്കുന്നു 

ക്രൂരമായ്‌ വീണ്ടും വീണ്ടും 
എത്ര ചവിട്ടിയരച്ചിട്ടും 
ചെമ്പരത്തിപ്പൂ 
ചുവന്നേയിരിക്കുന്നു 

ചോരപ്പാടുകളേറെ വീണ 
ഇലകള്‍ തല്ലിക്കൊഴിച്ച,
ഭൂമിയു, ടവകാശികളെല്ലാം 
അനാഥമായ് കേഴുന്നു 

ശബ്ദങ്ങള്‍ പാഴ്വിലാപമാകുന്നു 
നിലയ്ക്കാത്ത രോദനമായ് 
മൃതമാകുമാശകളായ് 
നോവിന്‍റെയിരുട്ടിലൊടുങ്ങുന്നു 

സൂഫിയിന്നും യാത്രികനായ് 
ഉത്തരേന്ത്യന്‍ ഗര്‍ത്തങ്ങളില്‍ 
ഗര്‍വിന്‍റെ കുന്നുകളില്‍ 
മാറാപ്പുമായലയുന്നു 

വൈക്കത്തിനും വയലാലിനു-
മിടയി, ലോടിയോടിത്തളര്‍ന്ന്‌ 
ഗാന്ധിത്തൊപ്പിയൊടുവില്‍ 
ഉപ്പിലലിഞ്ഞുപോയ്‌ 

ഇനിയിപ്പോ,  ഴെന്റുപ്പുപ്പാക്കൊരു  
മനസ്സുണ്ടായിരുന്നെന്ന് 
കൊച്ചു കുഞ്ഞിനോടോതി 
നിര്‍വൃതിയിലലിഞ്ഞിടാം.








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ