ഈന്തപ്പനയോലകളില്‍
കാറ്റു പിടിക്കുമ്പോള്‍
ഇസ്മയില്‍ മേലടി
(കവിത)
ഈന്തപ്പനയോലകളില്‍
കാറ്റു പിടിക്കുമ്പോള്‍
മുടിയിഴകള്‍ മുന്നിലേക്കിട്ട്
*നആശയ്ക്ക് ചുവടുവയ്ക്കും
അറബിപ്പെണ്‍കൊടിയുടെ
വശ്യമാം പിന്‍കഴുത്തുപോല്‍
മരുഭൂമി മാടിവിളിക്കുന്നു
മഞ്ഞനിറയുമീന്തപ്പനക്കുലകളില്‍
മോഹങ്ങളുടെ പൂത്തുലഞ്ഞ പ്രതിഫലനം
കാറ്റിന് ശക്തികൂടുമ്പോള്‍
മണല്‍ വെളിച്ചപ്പാടായി
ചേക്കേറിയവന്‍റെ നെഞ്ചത്ത് നിന്ന്
കനവുകള്‍ പറിച്ചെറിഞ്ഞ് കോമരം തുള്ളുന്നു
ഓര്‍മ്മകള്‍ ഊതിപ്പറപ്പിക്കുന്നു
തീക്കാറ്റ് *ഖുബ്ബൂസില്‍* താളം പിടിക്കുമ്പോള്‍
അക്ഷരക്കുന്നുകള്‍ വിറങ്ങലിച്ചു നില്‍ക്കുന്നു
കൂട്ടിവച്ച മോഹങ്ങളില്‍ ഉറുമ്പരിക്കുന്നു
ചൂടിന്‍റെ കാഠിന്യമേറുന്തോറും
സിരകളിലെ വിപ്ലവം ചോരുന്നു
കഷണ്ടിത്തലച്ചോറില്‍ വിയര്‍പ്പ് നിറയുന്നു
പൊടിപുരണ്ട പുസ്തകക്കെട്ടില്‍
അസ്ഥിരതയുടെ മൂട്ടകടി
ഇരുമ്പുകട്ടിലിന് ക്ഷയം
അക്കരെയുമിക്കരെയുമല്ലാതെ
നടുക്കടലിലൊടുങ്ങുന്ന കപ്പലുകളേറെ
ഓര്‍മ്മക്കടലിന്‍റെ മറുകരയില്‍
നിത്യവും ചോര്‍ന്നൊലിക്കുന്ന പ്രതീക്ഷകള്‍
മോന്തായം കാണാത്ത അസ്ഥികൂരകളില്‍
കയറി ആത്മഹത്യയില്‍ കുടിയേറുന്നു.
*നആശ: മുടി ഇരുവശത്തേക്കും ചലിപ്പിച്ച് നടത്തുന്ന യു എ ഇ യിലെ പരമ്പരാഗത നൃത്തം
*ഖുബ്ബൂസ്: അറബി റൊട്ടി