2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ദില്ലി

ഇസ്‌മയില്‍ മേലടി

(കവിത)

ഹേ ദില്ലി,

നീ നഗരങ്ങളുടെ

മാതാവാകുന്നു

ബാല്യകൌമാരങ്ങളില്‍

നീ ഇന്ദ്രപ്രസ്ഥമായിരുന്നു

യൌവ്വനത്തില്‍

നീ ഷാജഹാനാബാദായി

പിന്നീട് ദില്ലിയായി

ദശകങ്ങളായി

രാഷ്ട്രീയ തമ്പുരാക്കന്മാര്‍

ഉടയാടകളുരിഞ്ഞുകൊണ്ടിരിക്കുന്ന

പാഞ്ചാലിയാകുന്നു നീ

യമുനയുടെ കരയില്‍

തന്നെയാണ് താമസമെങ്കിലും

ഒരു പുല്ലാന്കുഴലുടയോനും

നിന്റെ രക്ഷക്കെത്തുന്നില്ല

നിത്യവും അഗ്നിശുദ്ധി വരുത്തുന്ന

സീതയാണ് നീ

രാമന്‍ വീണ്ടും വീണ്ടും

നിന്നെ കോണ്ക്രീറ്റ് കാട്ടിലയക്കുന്നു

നിനക്കു പിളര്ന്നൊടുങ്ങാന്‍് പോലും

ഒരിന്‍ചു ഭൂമിയില്ലിവിടെ

ഹേ ദില്ലി,

നിന്റെ ഗല്ലികളിലിപ്പോഴും

ഗസലുകളുമായി ഗാലിബ്

ഗതികിട്ടാതലയുന്നു

നിന്റെ മാറിടത്തിലൂടെ

യമുനാ നദിയൊഴുകുന്നതിപ്പോള്‍

ഒരു നേര്‍ത്ത മുറിവ് പോലെ

എവിടെ നിന്‍ മക്കളിക്കോണ്‍്ക്രീറ്റ്

കാട്ടിലുമവര്‍ക്കിടമില്ലെന്നോ.

2009, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ഭവ്യ വാക്ക്

(കവിത)

എന്നും

ആട്ടിപ്പുറത്താക്കപ്പെടുന്ന

വാക്ക്

പിറ്റേന്ന് രാവിലെ

പതിവു ഭവ്യതയോടെ

വാതില്‍ക്കല്‍

കാത്തുനില്ക്കുന്നുണ്ടാവും

എന്നും

തല്ലിച്ചതക്കപ്പെടുന്ന

വാക്ക്

ചിണുങ്ങിക്കൊണ്ട്

വീണ്ടും

തല്ലുകൊള്ളിത്തരം കാണിക്കുന്നു

എന്നും

ദിവസം മുഴുവന്‍ മുഷിയുന്ന

വാക്ക്

എത്ര അലക്കിപ്പിഴിഞ്ഞാലും

പിറ്റേന്നു രാവിലെ

ഇസ്തിരിയിട്ട്

തയാറായി നില്‍പ്പുണ്ടാവും.

ഇസ്മയില്‍ മേലടി

നഷ്ട ലാഭങ്ങള്‍

(കവിത)

ഇസ്മയില്‍ മേലടി

ജീവിതം

തളര്‍വാതം പിടിപെട്ട

രോഗിയെപ്പോലെ

ഞരങ്ങുന്നു

ഘടികാരസൂചിക്ക്

തീ പിടിച്ചിരിക്കുന്നു

എനിക്ക്

മുഖങ്ങള്‍ പെരുകുന്നു

ഹേ, ഓടക്കുഴല്‍ വിളിക്കാരാ,

തിരിച്ചറിവിന്റെ സംഗീതം

മുഴക്കൂ

നര്‍ത്തകിക്ക്

നൂപുരങ്ങള്‍ നഷ്ടമായിരിക്കുന്നു,

കാവല്ക്കാരന്

തന്റെ വടിയും,

അമ്മക്ക് മനസ്സ്,

അച്ഛന് ചിന്തകള്‍,

കുട്ടികള്‍ക്ക് സ്വപ്‌നങ്ങള്‍

ചിലര്‍ക്ക് അഭയം,

മറ്റു ചിലര്‍ക്ക് ഭയം,

ധാരാളം പേര്‍ക്ക് ധൈര്യം,

വാക്കുകള്‍ക്ക്

അര്‍ത്ഥവും മൂര്‍ച്ചയും;

യന്ത്രങ്ങളുടെ

ഭീകരമായ കറക്കം

പുഴകളുടെ കേള്‍വി

കവര്‍ന്നെടുത്തിരിക്കുന്നു,

ധൂമങ്ങള്‍ കാഴ്ചശക്തിയും;

പൂപ്പല്‍ പിടിച്ച

കണ്ണടച്ചില്ലുകള്‍്ക്ക്

നിറഭേദങ്ങള്‍

ഒച്ചുകള്‍്ക്ക് വംശനാശം

പേനകള്‍

മഞ്ചലിലേറിതുടങ്ങി

തലച്ചോറുകള്‍

ചാരുകസേരലയിലമര്‍്ന്നു

മഷിയും കടലാസും

പരസ്പരം പഴിചാരുമ്പോള്‍

സ്വര്‍ണം ഊറിചിരിക്കുന്നു

കണ്ണീരിലെ ഉപ്പിനെ

പഞ്ചസാര സ്ഥാനഭ്രഷ്ടനാക്കി.