2012, ഡിസംബർ 27, വ്യാഴാഴ്‌ച

ഉണ്ണിക്കുട്ടന്‍റെ യാത്ര 


ഇസ്മയില്‍ മേലടി 

(കവിത)

പൂമുഖത്തും 
മുറ്റത്തും 
തൊടിയിലുമൊക്കെ 
കയറിയിറങ്ങി 
കളിച്ചു കൊണ്ടിരുന്ന 
ഉണ്ണിക്കുട്ടന്‍ 
നടയിറങ്ങിപ്പോയി 
നേരെ ചെന്നു കയറിയത് 
ഡിസ്നി ലാന്‍റിലായിരുന്നു 
മൂവാണ്ടന്‍ മാവിലെ 
കളിയൂഞ്ഞാല്‍ 
ഉണ്ണിക്കുട്ടനെ 
ആടി  മാടി  വിളിച്ചു 
അപ്പോഴേയ്ക്ക് 
ഉണ്ണിക്കുട്ടന്‍
വൈല്‍ഡ്‌ സ്വിംഗ് റൈഡില്‍ 
കയറിക്കഴിഞ്ഞിരുന്നു 
കണ്ണന്‍ ചിരട്ട 
ഉണ്ണിക്കെത്ര അപ്പം വേണം 
എന്ന് ചോദിക്കുമ്പൊഴേയ്ക്ക് 
അവന്‍ രസം പിടിച്ച് 
റോളര്‍ കോസ്റ്ററിനകത്ത്   
വട്ടം കറങ്ങുകയായിരുന്നു 
കിണ്ണം നിറയെ 
ഉണ്ണിയപ്പവുമായി 
നാണിയമ്മ അണച്ചു കൊണ്ട് 
ഓടിയണയുമ്പോഴേയ്ക്ക് 
കെ എഫ് സി ചിക്കന്‍ ഫില്ലറ്റ്‌ 
അകത്താക്കി 
ടിഷ്യു  പേപ്പറില്‍ 
കൈ തുടയ്ക്കുകയായിരുന്നു 
ഉണ്ണിക്കുട്ടന്‍..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ