(കവിത)
ഇബ്രാഹിം അല്‍ ഹാശിമി, യു എ ഇ(അറബിയില്‍ നിന്ന് മൊഴി മാറ്റം - ഇസ്മയില്‍ മേലടി)
അബ്ദുല്‍ ജബ്ബാര്‍
നല്ലവരിലൊരു നല്ലവന്‍
ദുഃഖം ചവച്ചിറക്കുന്നവന്
കോപ്പയിലെ ചായ പോലിറക്കുന്നവന്
ദുഃഖം സിഗരറ്റു പോലെരിക്കുന്നവന്‍
അബ്ദുല്‍ ജബ്ബാര്‍
കണ്ണുകളില്‍ പ്രായത്തിന്റെ അഗ്നിയും
വീട്ടിലെ വര്‍ത്തമാനങ്ങളും പേറുന്നവന്‍
സ്വന്തം മണ്ണിനോടുള്ള പ്രേമം
ഒരു ഭ്രാന്തായി കൊണ്ടുനടക്കുന്നവന്‍
ഭാവിയെ പറ്റിയുള്ള പ്രതീക്ഷകള്‍
സ്വപ്നമായി നെഞ്ചേറ്റിയവന്‍
അബ്ദുല്‍ ജബ്ബാര്‍
അയാള്‍ വളരെ കുറച്ചു മാത്രം ഉറങ്ങുന്നു
ഈ ലോകത്തിലെ സന്തോഷങ്ങളൊക്കെ
നഷ്ട്ടപ്പെടാതിരിക്കാന്‍
ഓരോ കൊച്ചു കാര്യങ്ങളും
ശ്രദ്ധിച്ചു കൊണ്ടേയിരിക്കുന്നു
ഉറങ്ങുമ്പോഴാകട്ടെ
പാതി കൂമ്പിയ മിഴികളുമായി മാത്രം
ഉറങ്ങുന്നു.