2013, ജനുവരി 25, വെള്ളിയാഴ്‌ച



വിള


ഇസ്മയില്‍ മേലടി 

(കവിത)

സമൃദ്ധമായ വിളവിന് 

ഞങ്ങള്‍ അസൂയ വളം ചേര്‍ക്കുന്നു
നൂറു മേനി കൊയ്യാന്‍ 
ഞങ്ങള്‍ സ്പര്‍ധ കൃഷി ചെയ്യുന്നു
നല്ല കതിര് വരാന്‍ 
ഞങ്ങള്‍ സ്നേഹക്കള പിഴുതെറിയുന്നു 
ഉല്പാദനക്ഷമത വര്‍ധിക്കാന്‍ 
ഞങ്ങള്‍ ഹൈബ്രിഡ് രാഷ്ട്രീയം ഉപയോഗിക്കുന്നു 
ധാന്യത്തിന്‍റെ മഞ്ഞപ്പിനായ് 
ഞങ്ങള്‍ മതത്തിന്‍റെ വെണ്ണീര്‍ കലര്‍ത്തുന്നു 
മണ്ണിന്‍റെ സംപുഷ്ടതയ്ക്കായ്‌ 
ഞങ്ങള്‍ വിദേശ മേധാവിത്തം ഇറക്കുമതി ചെയ്യുന്നു 
അമിത ലാഭത്തിനു വേണ്ടി 
ഞങ്ങള്‍ അമര്‍ഷം ചേര്‍ക്കുന്നു 
താല്‍ക്കാലിക നേട്ടത്തിന് വേണ്ടി 
ഞങ്ങള്‍ എന്തും ത്യജിക്കും 
ഞങ്ങളെ, ഞങ്ങളുടെ തലമുറയെ, 
ഈ ഭൂവിന്റെ ചൈതന്യത്തെപ്പോലും. 

2013, ജനുവരി 16, ബുധനാഴ്‌ച



കാലത്തിന് ചിന്തേരിടും  കാലമിത് 

നാദത്തിന് നാദമായ് നിലകൊള്‍ക വയ്യ 

സ്വരം മിനുക്കിയേ ചൊല്‍വതുള്ളൂ

2012, ഡിസംബർ 27, വ്യാഴാഴ്‌ച

ഉണ്ണിക്കുട്ടന്‍റെ യാത്ര 


ഇസ്മയില്‍ മേലടി 

(കവിത)

പൂമുഖത്തും 
മുറ്റത്തും 
തൊടിയിലുമൊക്കെ 
കയറിയിറങ്ങി 
കളിച്ചു കൊണ്ടിരുന്ന 
ഉണ്ണിക്കുട്ടന്‍ 
നടയിറങ്ങിപ്പോയി 
നേരെ ചെന്നു കയറിയത് 
ഡിസ്നി ലാന്‍റിലായിരുന്നു 
മൂവാണ്ടന്‍ മാവിലെ 
കളിയൂഞ്ഞാല്‍ 
ഉണ്ണിക്കുട്ടനെ 
ആടി  മാടി  വിളിച്ചു 
അപ്പോഴേയ്ക്ക് 
ഉണ്ണിക്കുട്ടന്‍
വൈല്‍ഡ്‌ സ്വിംഗ് റൈഡില്‍ 
കയറിക്കഴിഞ്ഞിരുന്നു 
കണ്ണന്‍ ചിരട്ട 
ഉണ്ണിക്കെത്ര അപ്പം വേണം 
എന്ന് ചോദിക്കുമ്പൊഴേയ്ക്ക് 
അവന്‍ രസം പിടിച്ച് 
റോളര്‍ കോസ്റ്ററിനകത്ത്   
വട്ടം കറങ്ങുകയായിരുന്നു 
കിണ്ണം നിറയെ 
ഉണ്ണിയപ്പവുമായി 
നാണിയമ്മ അണച്ചു കൊണ്ട് 
ഓടിയണയുമ്പോഴേയ്ക്ക് 
കെ എഫ് സി ചിക്കന്‍ ഫില്ലറ്റ്‌ 
അകത്താക്കി 
ടിഷ്യു  പേപ്പറില്‍ 
കൈ തുടയ്ക്കുകയായിരുന്നു 
ഉണ്ണിക്കുട്ടന്‍..

2012, നവംബർ 19, തിങ്കളാഴ്‌ച

കളവീടുകള്‍ 

ഇസ്മയില്‍ മേലടി 

(കവിത)

നന്മയളന്നു 
വിളഞ്ഞൊരു 
പാടങ്ങള്‍ 
വെട്ടിനിരത്തി-
പ്പകകുത്തിനിറച്ച് 
നികത്തിയെടുത്തു 
കതിരുകളൊക്കെ-
പ്പതിരുകളാക്കി-
ക്കൊത്തിയെടുത്തു 
പറന്നൂ കഴുകന്‍ 
തെങ്ങോലകളില്‍
കാഷ്ഠമിറക്കി 
ചാരമിറക്കി-
യുണക്കിയെടുത്തു 
കതിരു വളര്‍ന്നു  
വളര്‍ന്നവയൊക്കെ 
വീടുകളായി 
വീടുകള്‍ വീടുകള്‍ 
മാത്രമതായി.



2012, നവംബർ 17, ശനിയാഴ്‌ച

ഇടവേള 

 ഇസ്മയില്‍ മേലടി 

(കവിത)

ശൂന്യമാ മാങ്കോസ്റ്റൈന്‍ 
മരച്ചോട്ടിലിന്നും 
തണല്‍ വിരിച്ചു നില്പൂ 
സുല്‍ത്താന്‍ 

മലയാള മനസ്സിലിന്നും 
കുരുവായ് പൊട്ടുന്നു 
പ്രണയമായ് നിറയുന്നു 
സുഹറയും മജീദും 

മുറ്റത്തെ സ്റ്റൂളിലെ 
സ്വനഗ്രാഹിയില്‍ നിന്നും 
സൈഗാള്‍, സ്നേഹത്തിന്‍ 
ഗസലായ് ഒഴുകുന്നു 

അണ്ഡകടാഹങ്ങളിലിന്നും  
സുല്‍ത്താന്‍റെ  വായ്ത്താരി 
ദൈവത്തിന്‍ ഖജനാവിലെ 
അനന്തമാം സമയമായ് മിടിയ്ക്കുന്നു 

ക്രൂരമായ്‌ വീണ്ടും വീണ്ടും 
എത്ര ചവിട്ടിയരച്ചിട്ടും 
ചെമ്പരത്തിപ്പൂ 
ചുവന്നേയിരിക്കുന്നു 

ചോരപ്പാടുകളേറെ വീണ 
ഇലകള്‍ തല്ലിക്കൊഴിച്ച,
ഭൂമിയു, ടവകാശികളെല്ലാം 
അനാഥമായ് കേഴുന്നു 

ശബ്ദങ്ങള്‍ പാഴ്വിലാപമാകുന്നു 
നിലയ്ക്കാത്ത രോദനമായ് 
മൃതമാകുമാശകളായ് 
നോവിന്‍റെയിരുട്ടിലൊടുങ്ങുന്നു 

സൂഫിയിന്നും യാത്രികനായ് 
ഉത്തരേന്ത്യന്‍ ഗര്‍ത്തങ്ങളില്‍ 
ഗര്‍വിന്‍റെ കുന്നുകളില്‍ 
മാറാപ്പുമായലയുന്നു 

വൈക്കത്തിനും വയലാലിനു-
മിടയി, ലോടിയോടിത്തളര്‍ന്ന്‌ 
ഗാന്ധിത്തൊപ്പിയൊടുവില്‍ 
ഉപ്പിലലിഞ്ഞുപോയ്‌ 

ഇനിയിപ്പോ,  ഴെന്റുപ്പുപ്പാക്കൊരു  
മനസ്സുണ്ടായിരുന്നെന്ന് 
കൊച്ചു കുഞ്ഞിനോടോതി 
നിര്‍വൃതിയിലലിഞ്ഞിടാം.








2012, നവംബർ 14, ബുധനാഴ്‌ച

പെയ്യാത്ത മേഘങ്ങള്‍ 

ഇസ്മയില്‍ മേലടി 

(കവിത )


വിലാസം നിഴലായ് 
ഉടമസ്ഥനെ അന്വേഷിച്ചു നടക്കുന്നു 

കത്ത് സ്നേഹവുമായ്‌ 
എഴുതാന്‍ മഷി തിരയുന്നു 

വാക്ക് മൊഴിക്കായ് 
അധരങ്ങള്‍ തേടുന്നു 

പാട്ട് രാഗവുമായ് 
കാതു കാത്തിരിക്കുന്നു 

ഹൃദയം പ്രണയവുമായ്‌ 
അനുരാഗിക്കു വേണ്ടി കേഴുന്നു 

നക്ഷത്രങ്ങള്‍ വെളിച്ചവുമായ് 
ആകാശത്തില്‍ മുട്ടി വിളിക്കുന്നു 

മേഘങ്ങള്‍ പെയ്യാനായ് 
ഭൂമി നോക്കി നടക്കുന്നു .





2012, നവംബർ 13, ചൊവ്വാഴ്ച

ഈന്തപ്പനയോലകളില്‍
കാറ്റു പിടിക്കുമ്പോള്‍ 

ഇസ്മയില്‍ മേലടി 

(കവിത)

ഈന്തപ്പനയോലകളില്‍ 
കാറ്റു പിടിക്കുമ്പോള്‍ 
മുടിയിഴകള്‍ മുന്നിലേക്കിട്ട്‌ 
*നആശയ്ക്ക് ചുവടുവയ്ക്കും 
അറബിപ്പെണ്‍കൊടിയുടെ 
വശ്യമാം പിന്‍കഴുത്തുപോല്‍ 
മരുഭൂമി മാടിവിളിക്കുന്നു 
മഞ്ഞനിറയുമീന്തപ്പനക്കുലകളില്‍ 
മോഹങ്ങളുടെ പൂത്തുലഞ്ഞ പ്രതിഫലനം 
കാറ്റിന്  ശക്തികൂടുമ്പോള്‍ 
മണല്‍ വെളിച്ചപ്പാടായി 
ചേക്കേറിയവന്‍റെ  നെഞ്ചത്ത്‌ നിന്ന് 
കനവുകള്‍ പറിച്ചെറിഞ്ഞ് കോമരം തുള്ളുന്നു
ഓര്‍മ്മകള്‍ ഊതിപ്പറപ്പിക്കുന്നു 
തീക്കാറ്റ് *ഖുബ്ബൂസില്‍* താളം പിടിക്കുമ്പോള്‍ 
അക്ഷരക്കുന്നുകള്‍ വിറങ്ങലിച്ചു നില്‍ക്കുന്നു 
കൂട്ടിവച്ച മോഹങ്ങളില്‍ ഉറുമ്പരിക്കുന്നു 
ചൂടിന്‍റെ കാഠിന്യമേറുന്തോറും 
സിരകളിലെ വിപ്ലവം ചോരുന്നു 
കഷണ്ടിത്തലച്ചോറില്‍ വിയര്‍പ്പ്  നിറയുന്നു 
പൊടിപുരണ്ട പുസ്തകക്കെട്ടില്‍ 
അസ്ഥിരതയുടെ മൂട്ടകടി 
ഇരുമ്പുകട്ടിലിന് ക്ഷയം 
അക്കരെയുമിക്കരെയുമല്ലാതെ 
നടുക്കടലിലൊടുങ്ങുന്ന കപ്പലുകളേറെ 
ഓര്‍മ്മക്കടലിന്‍റെ മറുകരയില്‍ 
നിത്യവും ചോര്‍ന്നൊലിക്കുന്ന പ്രതീക്ഷകള്‍ 
മോന്തായം കാണാത്ത അസ്ഥികൂരകളില്‍ 
കയറി ആത്മഹത്യയില്‍ കുടിയേറുന്നു.



*നആശ: മുടി ഇരുവശത്തേക്കും ചലിപ്പിച്ച് നടത്തുന്ന യു എ ഇ യിലെ പരമ്പരാഗത നൃത്തം  


*ഖുബ്ബൂസ്: അറബി റൊട്ടി